ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് - ചില വസ്തുതകൾ…
കുറേ ദിവസങ്ങളായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ചില വാർത്തകളാണ് ഈ പോസ്റ്റിനാധാരം. പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമുള്ള ബാങ്കുകളുടെ കഴുത്തറുപ്പൻ നിരക്കുകളിൽ നിന്ന് ഒരു മോചനമെന്ന നിലയിൽ വൻപിച്ച സ്വീകാര്യത നേടുന്ന ഈ വാർത്തകളിൽ പലതും അബദ്ധങ്ങളാണെന്നത് തന്നെയാണ് ഈ പോസ്റ്റ് തയാറാക്കാൻ പ്രേരിപ്പിച്ച ഘടകം.
ബാങ്കിംഗ് രംഗത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായി ആരംഭിച്ച താഴേത്തട്ടിലെ ബാങ്കിംഗ് സ്ഥാപനമാണ് പേയ്മെന്റ്സ് ബാങ്കുകൾ. 1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ 22-ആം വകുപ്പനുസരിച്ചാണ് 2015 ആഗസ്റ്റ് 19ന് പേയ്മെന്റ് ബാങ്കുകൾക്ക് ലൈസൻസ് അനുവദിച്ചത്. ഒരു ലക്ഷത്തിൽ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി നിശ്ചയിച്ച് ക്രെഡിറ്റ് കാർഡോ ലോണുകളോ നൽകാൻ അനുവാദമില്ലാതെ ഡെബിറ്റ് / എടിഎം കാർഡുകളും മൊബൈൽ ഇന്റർനെറ്റ് ബാങ്കിംഗും മാത്രം അനുവദിക്കുന്ന ചെറുകിട ബാങ്കിംഗ് സേവനദാതാക്കളാണ് പേയ്മെന്റ് ബാങ്കുകൾ.
ആദ്യമായി ഭാരതി എയർടെല്ലും രണ്ടാമതായി പേയ്ടിഎമ്മും മൂന്നാമതായി ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റുമാണ് ഇന്ത്യയിൽ പേയ്മെന്റ് ബാങ്ക് സേവനങ്ങൾ ആരംഭിച്ചത്. പതിനൊന്ന് ലൈസൻസുകളാണ് പേയ്മെന്റ് ബാങ്കുകൾക്കായി റിസർവ് ബാങ്ക് അനുവദിച്ചത്. ഒരു ലക്ഷത്തിൽ താഴെ തുക മാത്രം നിക്ഷേപം എന്ന പരിധി പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ വർദ്ധിപ്പിച്ചു നൽകുമെന്ന് പറയപ്പെടുന്നു. 25% ശാഖകൾ ബാങ്കിംഗ് സേവനങ്ങൾ എത്തിപ്പെടാത്ത ഗ്രാമീണ മേഖലകളിലായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.
സർക്കാർ മേഖലയിലെ പോസ്റ്റൽ വകുപ്പ് ഇന്ത്യയൊട്ടാകെയുള്ള വിശ്വാസ്യമായ ശൃംഘലയിലൂടെ അവതരിപ്പിക്കുന്നുവെന്നതു ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന് വൻ പ്രചാരം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അക്കൗണ്ടുകളെക്കുറിച്ച് നമുക്കൊന്ന് നോക്കാം…
https://www.indiapost.gov.in/VAS/DOP_PDFFiles/CentrefoldBrochure.pdf
സഫൽ, സുഗം, സരൾ എന്നിങ്ങനെ മൂന്ന് തരം അക്കൗണ്ടുകളാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് നൽകുന്നത്. പത്ത് വയസ്സിനു മേൽ പ്രായമുള്ള ആർക്കും കെവൈസി രേഖകൾ (ആധാർ കാർഡ് മതിയാകും) നൽകുന്ന പക്ഷം അക്കൗണ്ട് ആരംഭിക്കാം. നൂറു രൂപയാണ് അക്കൗണ്ട് തുറക്കാൻ ആവശ്യമായ ചുരുങ്ങിയ തുക. ഒരു ഫോട്ടോയും നൽകണം. അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകയ്ക്ക് പരിധികൾ ഒന്നും ഇല്ല. എന്നാൽ പരമാവധി ഒരു ലക്ഷം രൂപയിൽ അധികം അക്കൗണ്ടിൽ ഇടാൻ പറ്റില്ലെന്നൊരു ന്യൂനതയുണ്ട്. സരൾ അക്കൗണ്ടിൽ ഈ പരിധി അൻപതിനായിരം രൂപ മാത്രമാണ്.
എടിഎം കാർഡുകൾ സൗജന്യമായി നൽകും. ഒന്നിലധികം കാർഡ് വേണമെങ്കിലും ലഭിക്കും. പക്ഷേ നൂറു രൂപ ചാർജ് നൽകണം. ആദ്യ വർഷം മാത്രമാണ് എടിഎം കാർഡുകൾ സൗജന്യം. ആദ്യ വർഷത്തിനു ശേഷം നൂറു രൂപ വീതം വാർഷിക ചാർജ്ജ് ഈടാക്കും. എടിഎം പിൻ നഷ്ടപ്പെട്ടു പോകുകയോ മറന്നു പോകുകയോ ചെയ്താൽ അൻപത് രൂപ പിൻ റീജനറേഷൻ ചാർജ്ജ് ഈടാക്കും.
മാസത്തിലോ ത്രൈമാസികത്തിലോ അക്കൗണ്ടിൽ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുകകൾക്ക് പരിധി നിശ്ചയിക്കാത്തതിനാൽ ചാർജ്ജൊന്നുമില്ല. അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് 5.5% വാർഷിക പലിശ ത്രൈമാസികമായി ലഭിക്കും. മൊബൈൽ / ഇ മെയിൽ വഴി ലഭിക്കുന്ന ഇടപാടുവിവരങ്ങൾ സൗജന്യമാണ്. പോസ്റ്റ്മാൻ വശം പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാം. അതിന് തുകയനുസരിച്ച് 15 മുതൽ 35 രൂപ വരെ ഈടാക്കും. 2000 വരെ പതിനഞ്ച് രൂപയും 2001 മുതൽ 5000 വരെ 25 രൂപയും 5001 മുതൽ 10000 വരെ 35 രൂപയുമാണ് ഈടാക്കുക. മറ്റ് ബാങ്കുകളിലേക്ക് മാസം രണ്ട് ഇടപാടുകൾ സൗജന്യമാണ്. അതിലധികമായാൽ ചാർജ്ജ് ഈടാക്കും.
എൻഇഎഫ്റ്റി വഴി പതിനായിരം രൂപ വരെ 2 രൂപ അൻപത് പൈസയും പതിനായിരത്തിനു മുകളിൽ ഒരു ലക്ഷം വരെ അഞ്ച് രൂപയും ചാർജ്ജ് ഈടാക്കും. ഐഎംപിഎസ്, യുപിഐ, യൂഎംഎസ് (പരമാവധി 5000 രൂപ) തുടങ്ങിയ മൊബൈൽ അധിഷ്ഠിത സേവനങ്ങൾക്ക് ഇടപാടൊന്നിന് 4 രൂപയും ചാർജ്ജ് ഈടാക്കും. ആറു മാസത്തിനകം അക്കൗണ്ട് നിർത്തലാക്കുന്ന പക്ഷം 250 രൂപ സർവീസ് ചാർജ്ജായി ഈടാക്കും.
ഒരു മാസത്തിൽ ആദ്യ നാല് ഇടപാടുകൾ സൗജന്യമാണ്. അത് നിക്ഷേപമോ പിൻവലിക്കലോ ആകാം. അതിനു മുകളിലായാൽ ഓരോ ഇടപാടിനും 20 രൂപ നിരക്കിൽ ചാർജ്ജുകൾ ഈടാക്കും. പ്രതിമാസമാണ് ഇത് കണക്കാക്കുക. ഇന്ത്യ പോസ്റ്റ് / പഞ്ചാബ് നാഷണൽ ബാങ്ക് എടിഎമ്മുകളിൽ ഇടപാടുകൾ സൗജന്യമാണ്. പക്ഷേ ഒരു തവണ പതിനായിരം വരെയും ദിവസം 25000 വരെയുമാണ് പരമാവധി എടുക്കാൻ കഴിയുക. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നത് മെട്രോ നഗരങ്ങളിൽ 3 തവണയും മറ്റിടങ്ങളിൽ 5 തവണയും സൗജന്യമാണ്. അതിനു മുകളിൽ 20 രൂപ വീതം സർവീസ് ചാർജ്ജ് ഈടാക്കും.
പ്രതിദിനം എടിഎം വഴി 25000 രൂപ വരേയും കടകളിൽ സ്വൈപ്പ് ചെയ്യുന്നതിന് 40000 വരേയുമാണ് പരിധി. എടിഎമ്മിൽ ബാലൻസ് പരിശോധിക്കുകയോ മറ്റോ ചെയ്താൽ അതിന് 8 രൂപ നിരക്കിൽ ഈടാക്കും.
എടിഎം കാർഡ് തപാൽ വഴിയാണ് വീട്ടിലെത്തുക. ആളില്ലാതെയോ വിലാസം തെറ്റിയോ അത് മടങ്ങാനിടയായാൽ നൂറു രൂപ സർവീസ് ചാർജ് ഈടാക്കും. ചെക്ക് മടങ്ങാനിടയായാൽ അതിനും ക്ലിയറിംഗ് ചാർജിന്റെ നൂറു ശതമാനം കണക്കാക്കി ഈടാക്കും.
ഈ ചാർജ്ജുകൾക്കൊക്കെത്തന്നെ അതാതു സമയത്തെ നിരക്കനുസരിച്ച് സർവീസ് ടാക്സും അടയ്ക്കേണ്ടി വരും. ഇപ്പോഴത്തെ നിരക്കിൽ അധികമായി നടത്തുന്ന ഒരു ഇടപാടിന് ഇരുപത് രൂപ ഈടാക്കുമ്പോൾ അതിന്റെ 15% ആയ 3 രൂപ കൂടി ചേർത്ത് 23 രൂപയാകും അക്കൗണ്ടിൽ കുറയുക. അതേപോലെ തന്നെ 115 രൂപയാകും ആദ്യ വർഷത്തിനു ശേഷം എടിഎം കാർഡ് നിരക്കായി ഈടാക്കുക.
പ്രധാനമായും പോസ്റ്റ് ഓഫീസുകൾ കേന്ദ്രീകരിച്ചാണ് ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് പ്രവർത്തിക്കുക. എടിഎം കേന്ദ്രങ്ങളും അവിടെയാകും. അതിനാൽ തന്നെ സാധാരണ നഗരങ്ങളിൽ പലപ്പോഴും പോസ്റ്റ് ഓഫീസ് തെരഞ്ഞ് സമയം കളയേണ്ടതായി വരും എന്നൊരു പോരായ്മയുണ്ട്. ഒരു ലക്ഷം രൂപയിൽ അധികം അത് ഒരു ലക്ഷത്തി ഒന്നു രൂപയാണെങ്കിൽ പോലും അക്കൗണ്ടിൽ ഇടാൻ കഴിയില്ലെന്നതും പോരായ്മയാണ്. അൻപതിനായിരം രൂപ അക്കൗണ്ടിലുള്ളപ്പോൾ അറുപതിനായിരം രൂപ ഒരു ചെക്കായി ലഭിച്ചാൽ അത് ഡിപ്പോസിറ്റ് ചെയ്യണമെങ്കിൽ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ ഒരാവശ്യവും ഇല്ലെങ്കിൽ കൂടി പിൻവലിക്കേണ്ടതായി വരും.
പ്രചരിക്കുന്ന വാർത്തകളിൽ പറയുന്ന പലതും ഇതുമായി ഒരു പൊരുത്തവും ഇല്ല എന്നതാണ് ആശ്ചര്യകരമായ കാര്യം. ഇന്ത്യാ പോസ്റ്റ് വെബ്സൈറ്റിൽ ഈ ചാർജ്ജുകളെപ്പറ്റി വിശദമാക്കിയിട്ടുള്ളതാണ് ഈ പോസ്റ്റിന്റെ ആധാരം. വായിക്കണം എന്നുള്ളവർക്ക് ഈ ലിങ്കിൽ അത് വായിക്കാം…. https://www.indiapost.gov.in/Financial/DOP_PDFFiles/IPPBScheduleofCharges.pdf
പലരേയും വിഡ്ഢികളാക്കുന്ന തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുമല്ലോ. സ്വയം ഒന്ന് വിലയിരുത്തിയ ശേഷം ഉത്തമ ബോദ്ധ്യത്തോടെ വേണം എന്തെങ്കിലുമൊക്കെ പ്രചരിപ്പിക്കാൻ…
ചിത്രത്തിൽ തിരുവല്ല മെയിൻ പോസ്റ്റ് ഓഫീസിലെ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്ക് എടിഎം.
പോസ്റ്റൽ സേവിംഗ്സ് ബാങ്ക് എന്നത് വർഷങ്ങളായി പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നൽകുന്ന ബാങ്കിംഗ് സേവനമാണ്. അതിന് ഈ പറഞ്ഞ നിരക്കുകൾ ഇല്ല. പോസ്റ്റൽ സേവിംഗ്സ് ബാങ്കിന്റെ അക്കൗണ്ടുകളുടെ എടിഎം നിരക്ക് സംബന്ധിച്ച് ഒരു വിവരവും സൈറ്റിൽ പറയുന്നില്ല. ATM/Debit Cards can be issued to Savings Account holders( having prescribed minimum balance on the day of issue of card) of CBS Post offices. എന്ന് മാത്രമാണ് വിവരം. അതിൽ എത്ര മിനിമം ബാലൻസ് എന്ന് പോലും പറയുന്നില്ല.
ആ വിവരങ്ങൾ ഈ ലിങ്കിൽ https://www.indiapost.gov.in/Financial/Pages/Content/Savings-Account.aspx
#IPPB #IndiaPost #PaymentsBank #RBI #RuralBanking #PostalBank #FreeATM #PNB #TVLA
No comments:
Post a Comment