Saturday, June 16, 2018

Natural Easy Home Made Rooting Hormone - Organic - in Malayalam - ജൈവ റൂട്ട് ഹോർമോൺ

🌿🌿 കമ്പുകള്‍ വളരെവേഗം വേര് പിടിപ്പിക്കുന്നതിന്  ജൈവ റൂട്ട് ഹോർമോൺ (Natural Root Hormone) 🌿🌿

കമ്പുകള്‍ വളരെവേഗം വേരുപിടിപ്പിക്കുന്നതിന്
ജൈവ ഹോർമോൺ നമുക്കും വീട്ടിൽ ഉണ്ടാക്കാം..
മുറിച്ചുനടുന്ന കമ്പുകളോ വള്ളികളോ ചീഞ്ഞുപോകാതെ വളരെവേഗം വേരുപിടിപ്പിക്കുന്നതിന് ഇന്ന് പല തരത്തിലുള്ള ഹോർമോൺ ( Root hormone ) ലഭ്യമാണ് 
എന്നാൽ ചിലർക്കെങ്കിലും എന്താണ് ഹോർമോൺ അത് എവിടെ കിട്ടും? എങ്ങിനെ ഉപയോഗിക്കണം? എന്നതിനെകുറിച്ച് സംശയം കാണാം. അവർക്ക് വേണ്ടി 

മാതൃസസ്യത്തിന്റെ മുഴുവന്‍ ഗുണങ്ങളോടുംകൂടിയ തൈയുണ്ടാക്കുന്നതിന് ഏറ്റവും എളുപ്പവും ലാഭകരവുമായ രീതിയാണ് കമ്പ് മുറിച്ചുനടുന്നത് . വളരെയധികം ചെടികള്‍ ഒരേ മാതൃസസ്യത്തില്‍നിന്ന് പരിമിതമായ സ്ഥലം ഉപയോഗിച്ച് ഉത്പാദിപ്പിക്കാമെന്നതാണ് അധികമേന്മ. എളുപ്പവും ലളിതവുമാണ് കമ്പ് വേരുപിടിപ്പിക്കലിന് പിന്നിലെ ഈ ഹോർമോൺ വിദ്യ.  പൗഡർ രൂപത്തിലും ദ്രാവക രൂപത്തിലുമുള്ളതും പല പേരുകളിൽ അറിയപ്പെടുന്നവയുമായ അനേകം ഹോർമോൺ ഇന്ന് ലഭ്യമാണ്. എന്നാൽ നമുക്ക് വളരെയെളുപ്പത്തില്‍ വീട്ടിൽ തയാറാക്കാവുന്ന റൂട്ട് ഹോർമോണുകൾ ഏതൊക്കെയാണെന്നും എങ്ങിനെ ഉപയോഗിക്കാമെന്നും പരിചയപ്പെടാം. 

(1) തേൻ :-
രണ്ട് ടീസ്‌പൂണ്‍ ശുദ്ധമായ തേൻ ഒരു കപ്പ് വെള്ളത്തില്‍കലക്കി കുപ്പിയിൽ ഒഴിച്ച് അടപ്പ് നന്നായി മുറുക്കി അടച്ച് കറുത്ത തുണികൊണ്ട് മൂടി അധികം ചൂടോ പ്രകാശമോ പതിക്കാത്തിടത്ത് രണ്ടാഴ്ച വെച്ചാൽ അത് നല്ലൊരു റൂട്ട് ഹോർമോണായി മാറും .തയാറാക്കിയ ഈ മിശ്രിതത്തില്‍ കിളിർപ്പിക്കുവാനുള്ള കമ്പോ വള്ളിയോ 20 -30 മിനിറ്റ് ഇട്ടു വെക്കാം അതിനുശേഷം മാറ്റി നടാം. (തേൻ നേരിട്ട് കമ്പിൽ പുരട്ടിയും നടും)

( 2) കരിക്കിന്‍ വെള്ളം -പച്ചച്ചാണകം :- 
ഒരു ഗ്ളാസ് കരിക്കിന്‍ വെള്ളത്തില്‍ അഞ്ച് ടീസ്‌പൂണ്‍ പച്ചചാണകം കലക്കിവെച്ച് തെളിനീർ ഊറ്റിയെടുത്തത് അതിൽ നടാനുള്ള കമ്പോ വള്ളിയോ 20-30 മിനിറ്റ് മുക്കിവെച്ച ശേഷം മാറ്റി നടാം. 

(3 )മുരിങ്ങ ഇല സത്ത് :-
അമ്പത് ഗ്രാം മുരിങ്ങയില ഇരുന്നൂറ് മില്ലി വെള്ളത്തില്‍ തലേദിവസം കുതിര്‍ക്കണം . പിഴിഞ്ഞെടുത്തോ അരച്ചെടുേത്താ തയ്യാറാക്കുന്ന മുരിങ്ങാച്ചാറില്‍ കമ്പിന്റെ അഗ്രം 20-30 മിനിറ്റ് നേരം മുക്കിവെച്ച് നടുന്നത് പെട്ടെന്ന് വേരിറങ്ങാന്‍ സഹായിക്കും. 
(ആപ്പിള്‍ വിനാഗിരി ഉപയോഗിച്ചും സിനിമോൻ സ്റ്റിക് പൗഡർ ( കറുവ പട്ട പൊടി ) ഉപയോഗിച്ചും ഹോർമോൺ ഉണ്ടാക്കാം തൽക്കാലം അതിന്റെ ആവശ്യം വരുന്നില്ല കാരണം മുകളില്‍ വിവരിച്ചവ വളരെ ഗുണമേന്മയും ലളിതവുമാണ് )
കടുത്ത വേനലില്‍ നടാനായി കമ്പ് മുറിക്കരുത്. നേര്‍ത്ത കമ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ അരയടി നീളത്തിലും മൂത്തകമ്പാണെങ്കില്‍ ഒരടി നീളത്തിലുമുള്ള തണ്ട് മുറിച്ചെടുക്കാം. നേര്‍ത്ത കമ്പിലെ പകുതിയിലധികം ഇലകളും നീക്കം ചെയ്തതിനുശേഷമാണ് നടേണ്ടത്. മൂത്ത കമ്പില്‍നിന്നും മുഴുവന്‍ ഇലകളും നീക്കംചെയ്യണം. നടാനെടുക്കുന്ന തണ്ടുകളുടെ അടിവശം മൂര്‍ച്ചയുള്ള കത്തികൊണ്ട് ചെരിച്ച് മുറിച്ചെടുക്കുന്നതാണ് ആദ്യഘട്ടം. അതിനുശേഷം ഈ കമ്പ് അല്ലെങ്കില്‍ വള്ളി 20-30 മിനിറ്റ് മുക്കിവെച്ച ശേഷം ഒരു കപ്പിൽ നനച്ച് നിറച്ചുവെച്ചിരിക്കുന്ന നടീല്‍ മിശ്രിതത്തില്‍ നടണം ( മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ ചേര്‍ത്ത പോട്ടിങ് മിശ്രിതം ). കമ്പ് നട്ടുവെച്ച കപ്പ് ഒരു ക്ലിയർ പോളിത്തീന്‍ ബാഗ്കൊണ്ട് കവർചെയ്യണം (തെളിഞ്ഞ പ്ലാസ്റ്റിക്‌ കൂട്) 
18 സെന്റീമീറ്റര്‍ ഉയരവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള പോളിത്തീന്‍ സഞ്ചികളാണ് സാധാരണഗതിയില്‍ തിരഞ്ഞെടുക്കേണ്ടത്. കവറിന്റെ താഴത്തെ പകുതിയില്‍ 15 മുതല്‍ 20 വരെ സുഷിരങ്ങളിടണം. ഇത് അധികം സൂര്യ പ്രകാശം ഏല്‍ക്കാതെ സിറ്റൗട്ടിലോ റൂമിനുള്ളിൽ ജനലരികിലോ വെക്കണം 
വേരുറയ്ക്കുന്നതുവരെ പരിപാലിച്ചില്ലെങ്കില്‍ കമ്പില്‍നിന്ന് വെള്ളം വാര്‍ന്ന് ഉണങ്ങാനുള്ള സാധ്യതയേറെയാണ്. മണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കാം. ചകിരിച്ചോറ് കമ്പോസ്റ്റും വെര്‍മിക്കുലൈറ്റും വേര് കുമിളെന്ന് വിളിക്കുന്ന മൈക്കോഡൈയും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നത് ഏറെ നന്ന്. മണ്ണില്‍ നനവുണ്ടായാല്‍ മാത്രം പോരാ, ചുറ്റുപാടും ആര്‍ദ്രത കൂടിയുണ്ടെങ്കിലേ വേഗം വേര് പിടിക്കൂ..
അരിച്ചിറങ്ങുന്ന വെയിലാണ് വേരുപിടിപ്പിക്കാന്‍ നല്ലത്. നേര്‍ത്ത പാളിയായി ലഭിക്കുന്ന വെള്ളം വേരുപിടിക്കലിന്റെ സാധ്യതയേറ്റും.
തണ്ടിന്റെ ഒരു മുട്ട് പോട്ടിങ് മിശ്രിതത്തിനടിയില്‍ ഉണ്ടെന്ന് ഉറപ്പുവരുത്താം.പുതിയ ഇലകള്‍ വിരിഞ്ഞുവരുന്നത് വേരിറങ്ങുന്നതിന്റെ ലക്ഷണമാണ്. വേര് ഇറങ്ങിയ തൈ ഇളകാതെ മാറ്റി നടാം.
റോസ് ഉൾപ്പെടെയുള്ള പൂചെടികൾ നാരകം പോലെയുള്ള കമ്പ് മുറിച്ച് നടുന്ന ഇനങ്ങള്‍ പച്ചക്കറി ചെടികൾ മധുര കിഴങ്ങ് പോലെയുള്ള വള്ളി ചെടികൾ അലങ്കാര ചെടികള്‍ എന്നിവക്ക് മാത്രമല്ല ലെയറിംഗ് ചെയ്യുമ്പോഴും ഉപയോഗിക്കാം..

Key Words:

Organic Root Hormone, Cheap Rooting Hormone, Home made root hormone, Easy to make root Hormone

No comments:

Post a Comment